കണ്ണൂർ: കഴിഞ്ഞ ദിവസം സർക്കാരിനെ വിമർശിച്ചതിനു പിന്നാലെ സർക്കാർ അഭിഭാഷകനെതിരേയും രൂക്ഷവിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ച ദേശാഭിമാനി ലേഖകനെതിരേ സൈബർ ക്രൈം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ വഴിവിട്ട സഹായം നൽകിയെന്നാണ് കെ. സുധാകരന്റെ ആരോപണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിപിഎം നോമിനിയായി നിയമിച്ചിട്ടുള്ള പബ്ലിക് പ്രോസിക്യൂട്ടർമാരെ എത്രയും വേഗം നീക്കം ചെയ്യണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. പൊലിസിനും പ്രോസിക്യൂഷനുംവേണ്ടി കോടതിയിൽ ഹാജരാകേണ്ട പബ്ലിക് പ്രോസിക്യൂട്ടർ പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് കേസെടുത്തതെന്ന വാദമുയർത്തി മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്നില്ലെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാട് കേട്ടുകേൾവിയില്ലാത്തതാണെന്നും സുധാകരൻ പറഞ്ഞു.
സംഭവത്തിൽ ഉണ്ടായ വീഴ്ചകൾ സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും കെ. സുധാകരൻ എംപി പറഞ്ഞു.